നിറം കെട്ട സ്വപ്നങ്ങളെ
വെറുതെ താലോലിച്ചിരിക്കുമ്പോഴാണ്
നിന്നെ ഞാന്‍ ആദ്യമായറിയുന്നത്
നിനക്ക് രൂപമില്ലായിരുന്നു
നീ എന്നിലേക്ക് വന്നു നിറയുകയായിരുന്നു
ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് ,
നിന്റെ ആദ്യ സ്പര്‍ശത്തിനു
വേനല്‍മഴയുടെ സുഖമുണ്ടായിരുന്നു
നീ അടുത്തെത്തുമ്പോഴെല്ലാം
പുതുമണ്ണിന്റെ ഗന്ധം പോലെ എന്തോ ഒന്ന്
ചുറ്റും തളം കെട്ടി നിന്നിരുന്നു
നീ മൊഴിയുന്ന ഓരോ വാക്കും
തൂവല്‍ പോലെ മൃദുലമായിരുന്നു
അതിന്‍റെ ചിറകിലേറുമ്പോള്‍
അപ്പൂപ്പന്‍താടിയെക്കാള്‍ ഭാരം കുറഞ്ഞിരുന്നു
പിന്നീടെപ്പോഴാണ്,
പെരുമഴയുടെ രൗദ്രവും
വേനലിന്‍റെ നീറ്റലുമായി
നീ രൂപാന്തരപ്പെട്ടത്
പാട്ടു മുറിഞ്ഞ മുളങ്കുഴലിനെയും
മുള്ളു തറഞ്ഞ ഹൃദയത്തെയുംപ്പറ്റി
പാടാന്‍ തുടങ്ങിയത്
ഇപ്പോള്‍,
നിന്റെ കണ്ണുകളിലെ വിപ്ലവം
എന്നെ വല്ലാതെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു
അതിലെവിടെയോ തീക്കാറ്റുകള്‍
ഒളിച്ചിരിപ്പുണ്ട്
അവ കത്തിപ്പടരും മുന്‍പ്
ഒരു ചാവേറിനെപ്പോലെ
നീ പൊട്ടിത്തെറിക്കും മുന്‍പ്
മതിയാക്കൂ എല്ലാം
മൃതിയിലേക്കു നടന്നടുക്കുവാന്‍
എനിക്ക് വയ്യ
വരൂ, ജീവിച്ചിരിപ്പുണ്ടെന്ന
തോന്നലിനിട നല്‍കാതെ
സ്വപ്നങ്ങളില്‍ നമുക്ക്
നിശബ്ദമായി കഴിഞ്ഞുകൂടാം!