പുഴ പറയുന്നത്


കാലമേ,

നിന്‍റെ ശബ്ദങ്ങളിന്നെന്‍റെ 

കാതടപ്പിക്കുന്നു

കാഴ്ചകള്‍ പിന്നെയും

വേദന ചുരത്തുന്നു

ഹൃദയം തപിക്കുന്നു; വിരഹങ്ങ-

ളോരോന്നടിഞ്ഞെന്‍റെ 

ധമനിക്കു കട്ടി കൂടുന്നു

കരയുവാനാവുകയില്ല-

യെനിക്കിന്നു, മിഴിനീരു പോലും

നീ ഊറ്റിയെടുത്തല്ലോ!

ഭൂതായനങ്ങള്‍ 

തിരന്ഞ്ഞൊന്നു നോക്കുകില്‍,

കാണാം, നിനക്കെന്‍റെ (നിന്‍റെയും)

പൂര്‍വസൌഭാഗ്യങ്ങള്‍


ഉത്തുംഗശൃംഗങ്ങളില്‍- 

നിന്നിരമ്പിക്കുതിച്ചതും

താഴെ പതിച്ചതും, 

മന്നിന്‍റെ താളപത്മങ്ങള്‍-

ക്കുയിരു പകര്‍ന്നതും

ദൂരേക്ക് ദേശാടനങ്ങള്‍ക്കു പോയതും

വേനലെന്‍ മേനിയില്‍

ഓളങ്ങള്‍ നെയ്തതും

വര്‍ഷര്‍ത്തുവില്‍

ജലഗര്‍ഭം ധരിച്ചതും

ഇന്നലെയെന്നപോല്‍

ഓര്‍മിക്കയാണെന്‍

ഇന്നിന്‍റെ വേട്ടയ്ക്കടിപ്പെട്ട മാനസം!


എവിടെ, ഞാനിന്നലെ -

കണ്ട നീലാകാശം?

മാമരക്കാടുകള്‍, മഴ പെയ്ത വഴികള്‍?

എവിടെ, ഞാനിന്നലെ-

കേട്ട കിളിമൊഴികള്‍?

കലപ്പ മുറുകുന്ന

വായ്ത്താരിയീണങ്ങള്‍?

(എവിടെ,യെന്‍ തീരങ്ങളില്‍ 

വന്നിരുന്നിളം കാറ്റേറ്റു -

പൂത്തുതളിര്‍ത്ത മനസ്സുകള്‍?)


ഇന്നിതാ,യെന്‍റെ 

ചോരയില്‍പ്പോലും

നിന്‍ വലംകൈ

വിഷം കലര്‍ത്തുന്നു

ആദിതൊട്ടെന്നി-

ലൊട്ടിയ പ്രാണനും

ലോറിക്കരങ്ങളില്‍

പിടഞ്ഞുവീഴുന്നു

നിന്‍റെ ഉത്തരപ്പങ്ക കറങ്ങവേ,

എന്ത്, എന്‍ശ്വാസം 

നിലച്ചുപോകുന്നുവോ

ഓര്‍മകള്‍ നിദ്രയെ-

ച്ചൂഴ്ന്നു നില്‍ക്കുന്നുവോ

പ്രജ്ഞയറ്റു തളര്‍ന്നുപോകുന്നുവോ


ഇനിയെന്ത്, ഇനിയെന്ത് കാലമേ?

മരണപ്പെരുമ്പറ-

ക്കൊട്ടു ഞാന്‍ കേള്‍ക്കുന്നു

ഭൂതലങ്ങളില്‍,

നിന്‍ നിഴല്‍ക്കോലങ്ങള്‍

ഭൂതം കണക്കെന്നെ

പേടിപ്പെടുത്തവേ

വയ്യ, നെഞ്ചു കിതയ്ക്കുന്നു

ഞാനിനി , ഭൂമിക്കടിയിലൂ-

ടൊഴുകേണമോ സഖേ?!




ശപഥം

 

മരിച്ച കിനാവുകളെ

ഇനിയൊരിക്കലും

ഞാന്‍ പുറത്തേക്കു തള്ളുകയില്ല

 

അവയ്ക്ക്,

എന്‍റെ ഹൃദയത്തില്‍ത്തന്നെ

എനിക്ക് ചിതയൊരുക്കണം

 

ഒക്കെയും

അഗ്നിയില്‍ ദഹിപ്പിച്ചു

ഒടുവിലത്തെ കനലുകള്‍

കെടാതെ സൂക്ഷിക്കേണ്ടതുണ്ട്

 

- ഇനിയങ്ങോട്ട്

ഒരു സ്വപ്നത്തിന്റെ പേരിലും

ഹൃദയം ദുഃഖിക്കാനിടവരരുത്!



ഒരു പകല്‍ക്കിനാവിന്‍റെ തീരത്ത്

               

                     I

പാതിതുറന്നിട്ട ജാലക

വാതില്‍പഴുതിന്നുമപ്പുറം

ചന്ദ്രോദയങ്ങളില്‍, പിന്നെയും

പൂക്കുകയാണെന്‍റെ മന്ദാരം


വേനലൊഴിഞ്ഞതറിയാതെ

വല്ലരി പൂത്തതറിയാതെ

കാര്‍കുനുകൂന്തല്‍നിരകളില്‍

കാറ്റോടിമാഞ്ഞതറിയാതെ


നീളുമീ പാതയോരത്തേക്കു

കണ്ണുകള്‍ പാകിയിരുന്നു ഞാന്‍

കാല്‍ത്താളമൊന്നിനു കാതോര്‍ക്കെ

നേരമിതെത്ര കൊഴിയുന്നു


വീണ്ടുമീ കാത്തിരിപ്പെങ്കിലും

വന്നതില്ല, ഒരു പാന്ഥനും

സ്വപ്നങ്ങള്‍ പൂത്തുതളിര്‍ക്കുമെന്‍

വീഥിയിലിന്നുവരേക്കുമേ

 

                               II

ദൂരങ്ങളില്‍ അരിപ്രാവുകള്‍

ദൂതുകള്‍ തമ്മിലറിയിക്കെ

വാടിയ ചെമ്പനീര്‍ത്തണ്ടിന്‍റെ

ചുണ്ടുകളെന്തേ ചുവക്കുന്നു?


പൂമരക്കൊമ്പിലിരുന്നിട്ടും

പാടാന്‍ മറന്ന കിളിയെന്തേ

വേദനയുണ്ടു വരണ്ടൊരീ

തൊണ്ടയിലുച്ചത്തില്‍ മൂളുന്നു?


കാണുന്നു ഞാന്‍, അങ്ങകലെ നി-

ന്നേതോ ഒരാള്‍രൂപമീവഴി-

ക്കെത്തിനോക്കുന്നതും തെല്ലിട

നിന്നൂ, നടന്നടുക്കുന്നതും


ഇപ്പോള്‍ കനകനിലാവിലെ

പൂങ്കുളിര്‍ ഞാന്‍ തൊട്ടറിയുന്നു

കാണാമുരളികയ്ക്കുള്ളിലായ്

കാറ്റുണരുന്നതറിയുന്നു

      

                       III

ചിന്തകള്‍, മായാപ്രവാഹങ്ങള്‍

ചിത്തത്തിലേറ്റി നടന്ന,യാള്‍

കൂരിരുള്‍ക്കൂട്ടങ്ങള്‍ മേയുമാ-

യാലിന്‍ നിഴലിലേക്കായുന്നു


ആകാശചക്രവാളത്തിലെന്‍

മേഘസന്ദേശം വിരിഞ്ഞതു

ചാരിയിരുന്നയാള്‍ കാണ്‍കെ,യാ-

ചുണ്ടുകള്‍ പുഞ്ചിരി തൂവുന്നു


പിന്നെ, ഒഴിഞ്ഞ കടലാസി-

ലെന്തോ വരയ്ക്കാന്‍ തുടങ്ങുന്നു

ചായങ്ങളോരോന്നു ചാര്‍ത്തവെ

ഞാനവിടേക്കു കടക്കുന്നു


പെട്ടെന്നു കണ്ണു മിഴിച്ചുപോയ്

ഇല്ലൊരാള്‍ രൂപവും, ചിത്രവും

കാലമുറങ്ങുമെന്‍ വീഥിയില്‍

ഇല്ലൊരു കാലടയാളവും


ഏതോ പകല്‍ക്കിനാവെന്നോര്‍ത്തു

ഞാനീ വഴിയേ തിരിയുമ്പോള്‍

ആലിലച്ചാര്‍ത്തു ചിരിക്കുന്നു

മേലെ, ' വീണ്ടുമീ കാത്തിരിപ്പ് '



 

വലിച്ചെറിയപ്പെടും മുന്‍പ്


 'ഉപയോഗമില്ലാത്തവയെല്ലാം 

വലിച്ചെറിഞ്ഞേക്കുക'


തപ്തദുഖത്തിന്‍റെ 

കനല്‍ച്ചൂളയ്ക്കരികെ ഇരുന്നു

ജീവിതത്തിന്‍റെ മാറ്റുരച്ചു നോക്കുമ്പോള്‍

വരണ്ട ഹൃദയത്തിലേക്ക് 

ഒരിറ്റു മഴവെള്ളം പോലും

തൊട്ടുവയ്ക്കുവാന്‍ മടിച്ച്

മുഖം പൊത്തി നിന്ന ഓര്‍മകളെ

വലിച്ചെറിഞ്ഞേക്കുക!


വേര് നഷ്ടപ്പെട്ട്,

ഇനിയൊരിക്കലും

തിരികെ,

മണ്ണില്‍ തൊടാനാവാത്തയത്ര ഉയരെ

പറന്നു പൊങ്ങിയ

കിനാവുകളെയും

ഉപേക്ഷിച്ചേക്കുക!


തപസ്യ ചെയ്ത് ഹൃദിസ്ഥമാക്കിയതെങ്കിലും

അഴുക്ക് നാറുന്ന വര്‍ത്തമാനത്തിന്‍റെ

വീഥികളിലൂടെ നടക്കുമ്പോള്‍

വിവേകം ഉപദേശിച്ചു നല്‍കാതിരുന്ന

അക്ഷരങ്ങളെയും

ദൂരെക്കു വലിച്ചെറിഞ്ഞുകൊള്ളുക


ഇപ്പോള്‍,

ഓര്‍മകളും കിനാവുകളും

നഷ്ടപ്പെടുത്തി,

അക്ഷരങ്ങളില്ലാത്ത

പുസ്തകത്തിന്നുള്ളിലേക്ക്

മുഖം പൂഴ്ത്തിവെച്ചിരിക്കുമ്പോള്‍

എനിക്കു

വല്ലാത്ത പേടി തോന്നുന്നു

- വലിച്ചെറിയപ്പെടും മുന്‍പ്

  മറ്റെവിടെക്കെങ്കിലും 

  എനിക്കു ഓടിപ്പോകണം!!



മാറ്റം

 

"ഇപ്പോ ഇങ്ങോട്ട് വരാന്‍ എനിക്കൊരിഷ്ടോമില്ല.. എല്ലാടോം മൂടികെടക്കണു" - വടുതലക്കാരുടെ സ്വതസിദ്ധമായ ശൈലിയില്‍ സനീഷ ഇത് പറയുമ്പോള്‍ കേള്‍ക്കാന്‍ രസമേറെയുണ്ടെന്നുതോന്നി, എനിക്ക്. ഒപ്പം ഒരു ചെറിയ സന്തോഷവും. കാരണം, ഏറെ നാള്‍ മുന്‍പ് ഞാന്‍ ഉള്ളില്‍ പറഞ്ഞതായിരുന്നില്ലേ, ഇത്?

പതിമൂന്നു കൊല്ലങ്ങള്‍ക്ക് മുന്‍പ്, മൂന്നു സെന്‍റ്  സ്ഥലപരിധിക്കുള്ളില്‍ വീടു വയ്ക്കുമ്പോള്‍ മുന്‍വശം നിറയെ വരമ്പായിരുന്നു. കേരവൃക്ഷങ്ങളും മുളങ്കാടുകളും നിറഞ്ഞു സമൃദ്ധമായ വരമ്പ്. വീടിനു സമീപത്തൂടെ ഒഴുകിയിരുന്ന കൈത്തോട്. ചേരകളും നീര്‍ക്കോലികളുമെല്ലാം അതിലൂടെ പുളച്ചു നടന്നിരുന്നു. ഇടയ്ക്കിടെ വീട്ടുമുറ്റത്തും അവ പ്രത്യക്ഷപ്പെടാറുണ്ട്. അച്ഛന്‍റെ കൈത്തണ്ടയേക്കാള്‍ വണ്ണമുള്ള വലിയ പാമ്പുകളും അതിലൂടെ ഒഴുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നദിയിലൂടെ ഒരു തടിക്കഷണം എങ്ങനെയാണോ ചലിക്കുന്നത്, അതുപോലെ വെള്ളത്തിനു ഇളക്കം തട്ടാതെയുള്ള അവയുടെ സഞ്ചാരം കണ്ണുകള്‍ക്കിന്നും ഒരു വിസ്മയമാണ്. 

വരമ്പത്തെ വൃക്ഷലതാദികളില്‍ തമ്പടിക്കാന്‍ വരുന്ന പക്ഷികള്‍ക്ക് കണക്കില്ല. വണ്ണാത്തിയും കുളക്കോഴിയും കാക്കതമ്പുരാട്ടിയും കൊക്കും ഉപ്പനുമെല്ലാം അന്നത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. പക്ഷിനിരീക്ഷണം എനിക്കിഷ്ടപ്പെട്ട ഒരു വിനോദമായതിനു പിന്നില്‍ അന്നത്തെ  ആ മനോഹരപ്രകൃതിയായിരുന്നു.

തോടിനപ്പുറം ശോഭിനിയമ്മയുടെ വീടിന്‍റെ മുന്‍വശം സ്വല്പം മാറി, ആര്യവേപ്പിന്‍റെ ഒരു മരമുണ്ടായിരുന്നത് ഞാനോര്‍ക്കുന്നു. ആ വൃക്ഷത്തലപ്പുകളില്‍ സൊറ പറഞ്ഞു കൂടാറുള്ള നാട്ടുതത്തകളെത്രയായിരുന്നെന്നോ! മരം മുറിച്ചതോടെ അവരുടെ സല്ലാപങ്ങളും നിലച്ചു. 

അര ഏക്കറിലധികം പരന്നു കിടക്കുന്ന വരമ്പ് അവസാനിക്കുന്നേടം, ഒരു ചെറിയ പുഴയുണ്ട്. വീടിന്‍റെ വരാന്തയിലിരുന്നു നോക്കിയാല്‍ അതിലൂടെ വള്ളങ്ങളും ബോട്ടുകളുമൊക്കെ പോകുന്നത് കാണാം. ചിലപ്പോഴെല്ലാം, അവയില്‍ നിന്നും പുറത്തേക്ക് മത്സ്യങ്ങള്‍ പ്രവഹിക്കാറുണ്ട്.  ഒഴിഞ്ഞ പറമ്പിലേക്കവര്‍ എറിഞ്ഞു തരുന്ന ചെറിയ ചെറിയ മീനുകള്‍ പെറുക്കുവാന്‍ ഞാനും പോയിട്ടുണ്ട്!

വേലിയേറ്റസമയത്ത് തോട്ടില്‍ നല്ല ഒഴുക്കുണ്ടാകും, കരപ്പൊക്കത്തില്‍ വെള്ളവും. അന്നേരം, വീട്ടുമുറ്റത്തും വെള്ളം പൊങ്ങുമായിരുന്നു. 

താങ്ങാനാവാത്തത്ര മാലിന്യങ്ങള്‍ തോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നതോടെയാണ് പ്രശ്നം തലപൊക്കുന്നത്. തോട്ടില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം അസഹനീയമാണെന്നും മറ്റും നാട്ടുകാര്‍ക്ക് പരാതി. തുടര്‍ന്ന്, പ്രശ്നപരിഹാരത്തിനായി ദീര്‍ഘകാലം ഓട്ടമായിരുന്നു. ഒടുവില്‍ പരിഹാരാര്‍ത്ഥമാണ് ഇവിടെ തോടിന്‍റെ സ്ഥാനത്ത് ഒരു കാന നിര്‍മിക്കാന്‍ ഏര്‍പ്പാടാകുന്നത്. ഞാന്‍ ആറിലോ ഏഴിലോ പഠിക്കുമ്പോഴായിരുന്നു അത്.  

തോടു നികത്തി കാന വന്നതോടെ അതിനോടു ചേര്‍ന്നോരു റോഡും ഉദയം ചെയ്തു. വീടുകള്‍ പൊങ്ങാന്‍ തുടങ്ങിയത് ഈയിടെയാണ്. ഇന്ന് ഒന്നിന് പുറകെ ഒന്നായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. 

നിളയുടെ ഇന്നത്തെ അവസ്ഥയ്ക്കുള്ള മൂലകാരണം കുറ്റിപ്പുറം പാലമാണെന്ന് ഇടശ്ശേരി തന്‍റെ 'കുറ്റിപ്പുറം പാലം' എന്ന കവിതയില്‍ പരോക്ഷമായി പ്രഖ്യാപിക്കുന്നുണ്ട്. അതുപോലെ, ഈ പ്രദേശത്തിന്‍റെ മാറ്റത്തിന്‍റെ ആണിക്കല്ല്, ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജന്മം കൊണ്ട കാനയാണെന്ന് പറയാതെ നിര്‍വ്വാഹമില്ല. 

ഇപ്പോള്‍, പുഴ കാണണമെങ്കില്‍ കുറച്ചങ്ങോട്ട് നടക്കണം. വൈവിധ്യമുള്ള പക്ഷികളെ കാണണമെങ്കില്‍, അവയുടെ കൂടന്വേഷിച്ചു പോകേണ്ടിവരും. സനീഷ പറഞ്ഞതുപോലെ എല്ലായിടവും മൂടിപ്പോയിരിക്കുന്നു.


                                                              ( 2006 -ല്‍ എഴുതിയത്)


 

ഒറ്റ


നിങ്ങളെന്നെ

ഒറ്റയാനെന്നു വിളിക്കുമ്പോള്‍

യഥാര്‍ത്ഥത്തില്‍

ഞാന്‍ തനിച്ചല്ലായിരുന്നു


മഷിക്കറ പുരളാത്ത

അക്ഷരങ്ങള്‍

എനിക്ക് കൂട്ടുണ്ടായിരുന്നു

മിഴികളില്‍,

കാക്കത്തൊള്ളായിരം

കിനാവുകളുടെ

വര്‍ണപ്പൊലിമയുണ്ടായിരുന്നു

ഹൃദയം പകുത്തു കൊടുത്തു

പ്രണയത്തിന്റെയും

 സൗഹൃദത്തിന്റെയും

ആകാശം ഞാന്‍ സ്വന്തമാക്കിയിരുന്നു

തനിയെ എന്ന് നിങ്ങള്‍ കരുതുമ്പോഴോക്കെയും

ഒരു ലോകം മുഴുവന്‍

എന്നോടൊപ്പമുണ്ടായിരുന്നു


യാത്രയുടെ

പാതിവഴിയിലെപ്പോഴോ ആണ്,

ഒക്കെയും എനിക്ക് നഷ്ടമായത്

ഇപ്പോള്‍ ,

ഹൃദയം കൊണ്ട് ചിരിക്കുവാന്‍ 

എനിക്ക് കഴിവില്ല

വാക്കുകളില്‍ പഴയ ആത്മാര്‍ത്ഥതയുമില്ല


ഇന്ന്,

ഒരു കോമാളിയെപ്പോലെ

സ്വയം വിഡ്ഢിയായിക്കൊണ്ട്

ഞാന്‍ നിങ്ങളോട്

എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുമ്പോള്‍

നിങ്ങള്‍ പറയുന്നു

ഇപ്പോഴെനിക്ക്‌ ബന്ധങ്ങളുണ്ടെന്ന്

ഞാനും 'സമൂഹജീവി'യായെന്ന്!!