കാലമേ,
നിന്‍റെ ശബ്ദങ്ങളിന്നെന്‍റെ
കാതടപ്പിക്കുന്നു
കാഴ്ചകള്‍ പിന്നെയും
വേദന ചുരത്തുന്നു
ഹൃദയം തപിക്കുന്നു; വിരഹങ്ങ-
ളോരോന്നടിഞ്ഞെന്‍റെ
ധമനിക്കു കട്ടി കൂടുന്നു
കരയുവാനാവുകയില്ല-
യെനിക്കിന്നു, മിഴിനീരു പോലും
നീ ഊറ്റിയെടുത്തല്ലോ!
ഭൂതായനങ്ങള്‍
തിരന്ഞ്ഞൊന്നു നോക്കുകില്‍,
കാണാം, നിനക്കെന്‍റെ (നിന്‍റെയും)
പൂര്‍വസൌഭാഗ്യങ്ങള്‍
ഉത്തുംഗശൃംഗങ്ങളില്‍-
നിന്നിരമ്പിക്കുതിച്ചതും
താഴെ പതിച്ചതും,
മന്നിന്‍റെ താളപത്മങ്ങള്‍-
ക്കുയിരു പകര്‍ന്നതും
ദൂരേക്ക് ദേശാടനങ്ങള്‍ക്കു പോയതും
വേനലെന്‍ മേനിയില്‍
ഓളങ്ങള്‍ നെയ്തതും
വര്‍ഷര്‍ത്തുവില്‍
ജലഗര്‍ഭം ധരിച്ചതും
ഇന്നലെയെന്നപോല്‍
ഓര്‍മിക്കയാണെന്‍
ഇന്നിന്‍റെ വേട്ടയ്ക്കടിപ്പെട്ട മാനസം!
എവിടെ, ഞാനിന്നലെ -
കണ്ട നീലാകാശം?
മാമരക്കാടുകള്‍, മഴ പെയ്ത വഴികള്‍?
എവിടെ, ഞാനിന്നലെ-
കേട്ട കിളിമൊഴികള്‍?
കലപ്പ മുറുകുന്ന
വായ്ത്താരിയീണങ്ങള്‍?
(എവിടെ,യെന്‍ തീരങ്ങളില്‍
വന്നിരുന്നിളം കാറ്റേറ്റു -
പൂത്തുതളിര്‍ത്ത മനസ്സുകള്‍?)
ഇന്നിതാ,യെന്‍റെ
ചോരയില്‍പ്പോലും
നിന്‍ വലംകൈ
വിഷം കലര്‍ത്തുന്നു
ആദിതൊട്ടെന്നി-
ലൊട്ടിയ പ്രാണനും
ലോറിക്കരങ്ങളില്‍
പിടഞ്ഞുവീഴുന്നു
നിന്‍റെ ഉത്തരപ്പങ്ക കറങ്ങവേ,
എന്ത്, എന്‍ശ്വാസം
നിലച്ചുപോകുന്നുവോ
ഓര്‍മകള്‍ നിദ്രയെ-
ച്ചൂഴ്ന്നു നില്‍ക്കുന്നുവോ
പ്രജ്ഞയറ്റു തളര്‍ന്നുപോകുന്നുവോ
ഇനിയെന്ത്, ഇനിയെന്ത് കാലമേ?
മരണപ്പെരുമ്പറ-
ക്കൊട്ടു ഞാന്‍ കേള്‍ക്കുന്നു
ഭൂതലങ്ങളില്‍,
നിന്‍ നിഴല്‍ക്കോലങ്ങള്‍
ഭൂതം കണക്കെന്നെ
പേടിപ്പെടുത്തവേ
വയ്യ, നെഞ്ചു കിതയ്ക്കുന്നു
ഞാനിനി , ഭൂമിക്കടിയിലൂ-
ടൊഴുകേണമോ സഖേ?!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ