ഒരു പകല്‍ക്കിനാവിന്‍റെ തീരത്ത്

               

                     I

പാതിതുറന്നിട്ട ജാലക

വാതില്‍പഴുതിന്നുമപ്പുറം

ചന്ദ്രോദയങ്ങളില്‍, പിന്നെയും

പൂക്കുകയാണെന്‍റെ മന്ദാരം


വേനലൊഴിഞ്ഞതറിയാതെ

വല്ലരി പൂത്തതറിയാതെ

കാര്‍കുനുകൂന്തല്‍നിരകളില്‍

കാറ്റോടിമാഞ്ഞതറിയാതെ


നീളുമീ പാതയോരത്തേക്കു

കണ്ണുകള്‍ പാകിയിരുന്നു ഞാന്‍

കാല്‍ത്താളമൊന്നിനു കാതോര്‍ക്കെ

നേരമിതെത്ര കൊഴിയുന്നു


വീണ്ടുമീ കാത്തിരിപ്പെങ്കിലും

വന്നതില്ല, ഒരു പാന്ഥനും

സ്വപ്നങ്ങള്‍ പൂത്തുതളിര്‍ക്കുമെന്‍

വീഥിയിലിന്നുവരേക്കുമേ

 

                               II

ദൂരങ്ങളില്‍ അരിപ്രാവുകള്‍

ദൂതുകള്‍ തമ്മിലറിയിക്കെ

വാടിയ ചെമ്പനീര്‍ത്തണ്ടിന്‍റെ

ചുണ്ടുകളെന്തേ ചുവക്കുന്നു?


പൂമരക്കൊമ്പിലിരുന്നിട്ടും

പാടാന്‍ മറന്ന കിളിയെന്തേ

വേദനയുണ്ടു വരണ്ടൊരീ

തൊണ്ടയിലുച്ചത്തില്‍ മൂളുന്നു?


കാണുന്നു ഞാന്‍, അങ്ങകലെ നി-

ന്നേതോ ഒരാള്‍രൂപമീവഴി-

ക്കെത്തിനോക്കുന്നതും തെല്ലിട

നിന്നൂ, നടന്നടുക്കുന്നതും


ഇപ്പോള്‍ കനകനിലാവിലെ

പൂങ്കുളിര്‍ ഞാന്‍ തൊട്ടറിയുന്നു

കാണാമുരളികയ്ക്കുള്ളിലായ്

കാറ്റുണരുന്നതറിയുന്നു

      

                       III

ചിന്തകള്‍, മായാപ്രവാഹങ്ങള്‍

ചിത്തത്തിലേറ്റി നടന്ന,യാള്‍

കൂരിരുള്‍ക്കൂട്ടങ്ങള്‍ മേയുമാ-

യാലിന്‍ നിഴലിലേക്കായുന്നു


ആകാശചക്രവാളത്തിലെന്‍

മേഘസന്ദേശം വിരിഞ്ഞതു

ചാരിയിരുന്നയാള്‍ കാണ്‍കെ,യാ-

ചുണ്ടുകള്‍ പുഞ്ചിരി തൂവുന്നു


പിന്നെ, ഒഴിഞ്ഞ കടലാസി-

ലെന്തോ വരയ്ക്കാന്‍ തുടങ്ങുന്നു

ചായങ്ങളോരോന്നു ചാര്‍ത്തവെ

ഞാനവിടേക്കു കടക്കുന്നു


പെട്ടെന്നു കണ്ണു മിഴിച്ചുപോയ്

ഇല്ലൊരാള്‍ രൂപവും, ചിത്രവും

കാലമുറങ്ങുമെന്‍ വീഥിയില്‍

ഇല്ലൊരു കാലടയാളവും


ഏതോ പകല്‍ക്കിനാവെന്നോര്‍ത്തു

ഞാനീ വഴിയേ തിരിയുമ്പോള്‍

ആലിലച്ചാര്‍ത്തു ചിരിക്കുന്നു

മേലെ, ' വീണ്ടുമീ കാത്തിരിപ്പ് '



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ