'ഉപയോഗമില്ലാത്തവയെല്ലാം
വലിച്ചെറിഞ്ഞേക്കുക'
തപ്തദുഖത്തിന്‍റെ
കനല്‍ച്ചൂളയ്ക്കരികെ ഇരുന്നു
ജീവിതത്തിന്‍റെ മാറ്റുരച്ചു നോക്കുമ്പോള്‍
വരണ്ട ഹൃദയത്തിലേക്ക്
ഒരിറ്റു മഴവെള്ളം പോലും
തൊട്ടുവയ്ക്കുവാന്‍ മടിച്ച്
മുഖം പൊത്തി നിന്ന ഓര്‍മകളെ
വലിച്ചെറിഞ്ഞേക്കുക!
വേര് നഷ്ടപ്പെട്ട്,
ഇനിയൊരിക്കലും
തിരികെ,
മണ്ണില്‍ തൊടാനാവാത്തയത്ര ഉയരെ
പറന്നു പൊങ്ങിയ
കിനാവുകളെയും
ഉപേക്ഷിച്ചേക്കുക!
തപസ്യ ചെയ്ത് ഹൃദിസ്ഥമാക്കിയതെങ്കിലും
അഴുക്ക് നാറുന്ന വര്‍ത്തമാനത്തിന്‍റെ
വീഥികളിലൂടെ നടക്കുമ്പോള്‍
വിവേകം ഉപദേശിച്ചു നല്‍കാതിരുന്ന
അക്ഷരങ്ങളെയും
ദൂരെക്കു വലിച്ചെറിഞ്ഞുകൊള്ളുക
ഇപ്പോള്‍,
ഓര്‍മകളും കിനാവുകളും
നഷ്ടപ്പെടുത്തി,
അക്ഷരങ്ങളില്ലാത്ത
പുസ്തകത്തിന്നുള്ളിലേക്ക്
മുഖം പൂഴ്ത്തിവെച്ചിരിക്കുമ്പോള്‍
എനിക്കു
വല്ലാത്ത പേടി തോന്നുന്നു
- വലിച്ചെറിയപ്പെടും മുന്‍പ്
മറ്റെവിടെക്കെങ്കിലും
എനിക്കു ഓടിപ്പോകണം!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ