മാറ്റം

 

"ഇപ്പോ ഇങ്ങോട്ട് വരാന്‍ എനിക്കൊരിഷ്ടോമില്ല.. എല്ലാടോം മൂടികെടക്കണു" - വടുതലക്കാരുടെ സ്വതസിദ്ധമായ ശൈലിയില്‍ സനീഷ ഇത് പറയുമ്പോള്‍ കേള്‍ക്കാന്‍ രസമേറെയുണ്ടെന്നുതോന്നി, എനിക്ക്. ഒപ്പം ഒരു ചെറിയ സന്തോഷവും. കാരണം, ഏറെ നാള്‍ മുന്‍പ് ഞാന്‍ ഉള്ളില്‍ പറഞ്ഞതായിരുന്നില്ലേ, ഇത്?

പതിമൂന്നു കൊല്ലങ്ങള്‍ക്ക് മുന്‍പ്, മൂന്നു സെന്‍റ്  സ്ഥലപരിധിക്കുള്ളില്‍ വീടു വയ്ക്കുമ്പോള്‍ മുന്‍വശം നിറയെ വരമ്പായിരുന്നു. കേരവൃക്ഷങ്ങളും മുളങ്കാടുകളും നിറഞ്ഞു സമൃദ്ധമായ വരമ്പ്. വീടിനു സമീപത്തൂടെ ഒഴുകിയിരുന്ന കൈത്തോട്. ചേരകളും നീര്‍ക്കോലികളുമെല്ലാം അതിലൂടെ പുളച്ചു നടന്നിരുന്നു. ഇടയ്ക്കിടെ വീട്ടുമുറ്റത്തും അവ പ്രത്യക്ഷപ്പെടാറുണ്ട്. അച്ഛന്‍റെ കൈത്തണ്ടയേക്കാള്‍ വണ്ണമുള്ള വലിയ പാമ്പുകളും അതിലൂടെ ഒഴുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നദിയിലൂടെ ഒരു തടിക്കഷണം എങ്ങനെയാണോ ചലിക്കുന്നത്, അതുപോലെ വെള്ളത്തിനു ഇളക്കം തട്ടാതെയുള്ള അവയുടെ സഞ്ചാരം കണ്ണുകള്‍ക്കിന്നും ഒരു വിസ്മയമാണ്. 

വരമ്പത്തെ വൃക്ഷലതാദികളില്‍ തമ്പടിക്കാന്‍ വരുന്ന പക്ഷികള്‍ക്ക് കണക്കില്ല. വണ്ണാത്തിയും കുളക്കോഴിയും കാക്കതമ്പുരാട്ടിയും കൊക്കും ഉപ്പനുമെല്ലാം അന്നത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. പക്ഷിനിരീക്ഷണം എനിക്കിഷ്ടപ്പെട്ട ഒരു വിനോദമായതിനു പിന്നില്‍ അന്നത്തെ  ആ മനോഹരപ്രകൃതിയായിരുന്നു.

തോടിനപ്പുറം ശോഭിനിയമ്മയുടെ വീടിന്‍റെ മുന്‍വശം സ്വല്പം മാറി, ആര്യവേപ്പിന്‍റെ ഒരു മരമുണ്ടായിരുന്നത് ഞാനോര്‍ക്കുന്നു. ആ വൃക്ഷത്തലപ്പുകളില്‍ സൊറ പറഞ്ഞു കൂടാറുള്ള നാട്ടുതത്തകളെത്രയായിരുന്നെന്നോ! മരം മുറിച്ചതോടെ അവരുടെ സല്ലാപങ്ങളും നിലച്ചു. 

അര ഏക്കറിലധികം പരന്നു കിടക്കുന്ന വരമ്പ് അവസാനിക്കുന്നേടം, ഒരു ചെറിയ പുഴയുണ്ട്. വീടിന്‍റെ വരാന്തയിലിരുന്നു നോക്കിയാല്‍ അതിലൂടെ വള്ളങ്ങളും ബോട്ടുകളുമൊക്കെ പോകുന്നത് കാണാം. ചിലപ്പോഴെല്ലാം, അവയില്‍ നിന്നും പുറത്തേക്ക് മത്സ്യങ്ങള്‍ പ്രവഹിക്കാറുണ്ട്.  ഒഴിഞ്ഞ പറമ്പിലേക്കവര്‍ എറിഞ്ഞു തരുന്ന ചെറിയ ചെറിയ മീനുകള്‍ പെറുക്കുവാന്‍ ഞാനും പോയിട്ടുണ്ട്!

വേലിയേറ്റസമയത്ത് തോട്ടില്‍ നല്ല ഒഴുക്കുണ്ടാകും, കരപ്പൊക്കത്തില്‍ വെള്ളവും. അന്നേരം, വീട്ടുമുറ്റത്തും വെള്ളം പൊങ്ങുമായിരുന്നു. 

താങ്ങാനാവാത്തത്ര മാലിന്യങ്ങള്‍ തോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നതോടെയാണ് പ്രശ്നം തലപൊക്കുന്നത്. തോട്ടില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം അസഹനീയമാണെന്നും മറ്റും നാട്ടുകാര്‍ക്ക് പരാതി. തുടര്‍ന്ന്, പ്രശ്നപരിഹാരത്തിനായി ദീര്‍ഘകാലം ഓട്ടമായിരുന്നു. ഒടുവില്‍ പരിഹാരാര്‍ത്ഥമാണ് ഇവിടെ തോടിന്‍റെ സ്ഥാനത്ത് ഒരു കാന നിര്‍മിക്കാന്‍ ഏര്‍പ്പാടാകുന്നത്. ഞാന്‍ ആറിലോ ഏഴിലോ പഠിക്കുമ്പോഴായിരുന്നു അത്.  

തോടു നികത്തി കാന വന്നതോടെ അതിനോടു ചേര്‍ന്നോരു റോഡും ഉദയം ചെയ്തു. വീടുകള്‍ പൊങ്ങാന്‍ തുടങ്ങിയത് ഈയിടെയാണ്. ഇന്ന് ഒന്നിന് പുറകെ ഒന്നായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. 

നിളയുടെ ഇന്നത്തെ അവസ്ഥയ്ക്കുള്ള മൂലകാരണം കുറ്റിപ്പുറം പാലമാണെന്ന് ഇടശ്ശേരി തന്‍റെ 'കുറ്റിപ്പുറം പാലം' എന്ന കവിതയില്‍ പരോക്ഷമായി പ്രഖ്യാപിക്കുന്നുണ്ട്. അതുപോലെ, ഈ പ്രദേശത്തിന്‍റെ മാറ്റത്തിന്‍റെ ആണിക്കല്ല്, ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജന്മം കൊണ്ട കാനയാണെന്ന് പറയാതെ നിര്‍വ്വാഹമില്ല. 

ഇപ്പോള്‍, പുഴ കാണണമെങ്കില്‍ കുറച്ചങ്ങോട്ട് നടക്കണം. വൈവിധ്യമുള്ള പക്ഷികളെ കാണണമെങ്കില്‍, അവയുടെ കൂടന്വേഷിച്ചു പോകേണ്ടിവരും. സനീഷ പറഞ്ഞതുപോലെ എല്ലായിടവും മൂടിപ്പോയിരിക്കുന്നു.


                                                              ( 2006 -ല്‍ എഴുതിയത്)


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ